9. ഒരു ഏപ്രില്‍ ഫൂളും അച്ചടക്ക നടപടി ഭീഷണിയും

 

ഇന്ന്  ലോക  വിഡ്ഢി ദിനം. എല്ലാവരെയും   മറ്റുള്ളവര്‍  വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്ന ദിവസം. ഞങ്ങള്‍   ടി.കെ.എം, എഞ്ചിനീയറിങ്ങ്  കോളെജില്‍ അവസാന വര്‍ഷം  (1967) ആണെന്ന് തോന്നുന്നു ഞങ്ങള്‍ ഏഴുപേര്‍ കൂടി കരിക്കോട് ചന്തക്കു പുറകില്‍ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. ഞങ്ങളില്‍ ആറുപേര്‍ ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ നിന്നും ഒരാള്‍ മെക്കാനിക്കലും ആയതു  കൊണ്ടു ലോഡ്ജിനു MELEKTRON എന്ന് പേരും ഇട്ടു. ചന്ത തൊട്ടടുത്തായതുകൊണ്ട്  പല മെച്ചങ്ങളും ദൂഷ്യങ്ങളും ഉണ്ടായിരുന്നു. അഡ്വൈസര്‍മാരെ വിവരം അറിയിച്ചു അംഗീകാരം വാങ്ങി താമസം തുടങ്ങി.  ഭക്ഷണം കഴിക്കാന്‍ നേരത്തെ  ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വിദ്യാനന്ദന്റെ കട ദൂരെ ആയതുകൊണ്ട് അടുത്തുള്ള ഹോട്ടലുകളില്‍ ആക്കി.  അങ്ങനെ ഏപ്രില്‍ മാസം ആയി.

ഏപ്രില്‍ ഒന്നിന് എന്തെങ്കിലും കുസൃതി ഒപ്പിക്കല്‍ പതിവായിരുന്നു എല്ലാവര്‍ക്കും  പലപ്പോഴും ഇതില്‍ കുട്ടികള്‍ തമ്മില്‍ മാത്രമായിരുന്നു ഫൂളാക്കിയിരുന്നത്. . എന്നാല്‍ ഇത്തവണ ഞങ്ങള്‍ പൊതുജനങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. വിനാശകാലേ  വിപരീത ബു:ദ്ധി എന്ന് പറഞ്ഞത് പോലെ.  കരിക്കോട് ഒരു  വിഷവൈദ്യശാല ഉണ്ടായിരുന്നു. അത് നടത്തിയിരുന്നത് തടിച്ച ഒരു മദ്ധ്യവയസ്ക പണ്ടു ഏതോ പ്രിന്സിപ്പാളുമായി ലോഹ്യത്തില്‍ ആയിരുന്നു എന്ന് സംസാരം. പ്രിന്‍സിപ്പാള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഇവര്‍ നിത്യ സന്ദര്‍ശക ആയിരുന്നു എന്നും കഥ.  പിന്നീട്  ആ കെട്ടിടം കുട്ടികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. അവിടെ പ്രിന്സിപ്പാള്‍ ഉപയോഗിച്ചിരുന്ന ഒടിഞ്ഞ ഒരു കട്ടിലും മറ്റും ഇവരുടെ ബന്ധത്തിന് തെളിവായി അവര്‍ തമാശയായി പ്രദര്‍ശിപ്പിച്ചിരുന്നു. ഏതായാലും ഇത്തവണ ഏപ്രില്‍ ഫൂളായി  വിഷവൈദ്യത്തിയെ കളിയാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവരുടെ വൈദ്യശാലയുടെ ബോര്‍ഡും അധികം ദൂരെയല്ലാത്ത ഒരു മൃഗാസ്പത്രിയുടെ ബോര്‍ഡും പരസ്പരം രാത്രിയില്‍ മാറ്റിവച്ചു.  രാവിലെ വൈദ്യത്തി വന്നപ്പോള്‍ ക്ഷുഭിതയായി. ആരോ പറഞ്ഞു കൊടുത്തു ഞങ്ങള്‍ ആയിരിക്കും ഇത് ചെയ്തതെന്ന്. അവര്‍ ഒട്ടും സമയം കളയാതെ പ്രിന്‍സിപ്പാളിനെ കണ്ടു പരാതി ബോധിപ്പിച്ചു. അഡ്വൈസര്‍മാരായ  മധുസൂധനന്‍ നായര്‍ സാറും സുധാകരന്‍ നായര്‍  സാറും ഞങ്ങളെ വിളിപ്പിച്ചു ശകാരിച്ചു. ഉടന്‍ തന്നെ ബോര്‍ഡുകള്‍ മാറ്റി പഴയ രീതിയിലാക്കാന്‍ ആവശ്യപ്പെട്ടു. വൈദ്യത്തിയോടു നേരിട്ട് മാപ്പ് പറയാനും ആജ്ഞാപിച്ചു.  മാപ്പ് പറഞ്ഞില്ലെങ്കിലും അന്ന് രാത്രിയില്‍ തന്നെ ബോര്‍ഡുകള്‍ മാറ്റി സ്ഥാപിച്ചു. ഏതായാലും ശിക്ഷ ശകാരത്തില്‍  ഒതുങ്ങി..   ഒരു പക്ഷെ നല്ല കുട്ടിയായി നടിക്കുന്ന ഞാന്‍ കൂടി ഉള്ളതു കൊണ്ടായിരുന്നിരിക്കാം, മധുസാറിന്റെയും സുധാകരന്‍ നായര്‍ സാറിന്റെയും മഹാമനസ്കതയും ആവാം.  രക്ഷപ്പെട്ടു

ഇനി  അല്‍പ്പം  വിജ്ഞാനം

ഈ ലോക വിഡ്ഢിദിനം എങ്ങനെ  ഉണ്ടായി എന്ന് അല്‍പ്പം ഗവേഷണം    നടത്തിയപ്പോള്‍  കിട്ടിയ വിവരം  ഇതാ.

ഏപ്രില്‍  ഫൂള്‍ ദിനം  അഥവാ ലോക വിഡ്ഢിദിനം എല്ലായിടത്തും ഏപ്രില്‍ ഒന്നിനു തന്നെയാണ്  അഘോഷിക്കുന്നത്. മറ്റുള്ളവരില്‍ പ്രായോഗികമായ  ചില  തമാശകള്‍ (വികൃതികള്‍)  ചെയ്ത്   അവരെ വിഡ്ഢിയാക്കാന്‍  ശ്രമിക്കുക  എന്നതാണ്   എല്ലായിടത്തും   ചെയ്തു വരുന്നത്. ഉദാഹരണത്തിനു   നിന്‍റെ   ഷൂവിന്‍റെ ലെയ്സ് കെട്ടിയിട്ടില്ല എന്നു പറയുക, ഷര്‍ട്ടിന്‍റെ  ബട്ടണ്‍ ഇട്ടിട്ടില്ല  എന്നതു  പോലെയുള്ള നിസ്സാര  ഫലിതം മുതല്‍    കൂടുതല്‍   അപകടകരമായതു വരെ ആവാം.  ഏതായാലും  ഈ ദിനം  നൂറ്റാണ്ടുകളായി   ആചരിച്ചു   വരുന്നു എങ്കിലും  ഇത്  എവിടെ  എന്നു തുടങ്ങി  എന്ന്  വ്യക്തമായ  വിവരമില്ല. പുരാതന റോമില്‍  മാര്‍ച്ചു  മാസം 25 നു  ഹിലേരിയ  എന്നൊരു ദിനവും   ഭാരതത്തില്‍   മാര്‍ച് 31  നു   തീരുന്ന ഹോളി  ആഘോഷവും  ഇതുമായി ബന്ധപ്പെടുത്താറുണ്ട്.

 

ചിലര്‍ പറയുന്നു   ആധുനിക  വിഡ്ഢി ദിനത്തിന്‍റെ  തുടക്കം ഫ്രാന്സില്‍  ആണെന്ന്.   1564 ല്‍ അന്നത്തെ രാജാവായിരുന്ന ചാള്‍സ് ഒമ്പതാമന്‍ പ്രഖ്യാപിച്ച രൂസിലോണ്‍ പ്രഖ്യാപനത്തോടു കൂടി ആണെന്ന്  പറയപ്പെടുന്നു.    പ്രഖ്യാപനം അനുസരിച്ച് കൃസ്തുമത  വിശ്വാസികള്‍ ലോകത്തില്‍ എല്ലായിടത്തും  പുതിയ  വര്‍ഷം തുടങ്ങുന്നത്  ഈസ്റ്റര്‍   ദിനത്തിനു പകരം ജനുവരി ഒന്നിനാണെന്ന്  ആ പ്രഖ്യാപനത്തില്‍   നിജപ്പെടുത്തി. അതിനു കാരണം   പറഞ്ഞത് ഈസ്റ്റര്‍  ചാന്ദ്രമാസവുമായി   ബന്ധപ്പെടുതുകൊണ്ട് ദിവസം മാറ്റം വരാമെന്നതായിരുന്നു. പഴയ ഏപ്രില്‍  ഒന്നു  തന്നെ  ആയി  ആഘോഷിച്ചിരുന്നവരെ  ഏപ്രില്‍  വിഡ്ഢികളായി അന്നു മുതല്‍  കണക്കാക്കി വന്നു. മാര്‍ച്ച്  21  നു വരുന്ന വെര്‍ണല്‍  ഇഎക്വിനൊക്സ്  കാലാവസ്ഥയില്‍  പെട്ടെന്നു  മാറ്റം ഉണ്ടാകുന്നതു കൊണ്ട് ആള്‍ക്കാര്‍  കബളിക്കപ്പെടുന്നു എന്നതായിരുന്നു  മറ്റൊരു കാരണം .

  ദിനം ആഘോഷിക്കുന്ന രീതിയില്‍ പല രാജ്യങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട് എങ്കിലും  എല്ലായിടത്തും പൊതുവായിട്ടുള്ളത്  മറ്റുള്ളവരെ  വിഡ്ഢിയാക്കാനുള്ള  ശ്രമം   തന്നെ. ഫ്രാന്സില്‍ വിഡ്ഢിയാക്കപ്പെടുന്ന ആളെ ഏപ്രില്‍  മത്സ്യം (April Fish)  എന്നു വിളിക്കുമായിരുന്നു. ഒരു പക്ഷേ  വിഡ്ഢിയായ  ഏളുപ്പം പിടിക്കപെടാവുന്ന  ചില ചെറു മത്സ്യങ്ങളെപ്പോലെ. സ്കോട്ലാന്‍ഡില്‍ ഈ ദിനം ഒരു പ്രത്യേക കുക്കൂ  പക്ഷിയായ ഗൌക്കിന്‍റെ  ദിനം ആയും അറിയപ്പെടുന്നു. ഒരു പക്ഷേ ലൈംഗിക പ്രവര്‍ത്തിക്ക്  അനുവാദം കൊടുക്കുന്ന   ലൈസന്‍സുമായി   ബന്ധമുണ്ട്  എന്നും പറയപ്പെടുന്നു. ഈ ദിവസം  എന്‍റെ  പുറകില്‍  തൊഴിക്കുക (Kick my back)  എന്നെഴുതിവെക്കുന്ന  പതിവും ഉണ്ടായിരുന്നു. പല രാജ്യങ്ങളിലും  ദിനപ്പത്രങ്ങളില്‍   ഞെട്ടിപ്പിക്കുന്ന  തെറ്റായ  തലക്കെട്ടുകള്‍   പ്രസിദ്ധീകരിക്കുന്നതും   പതിവാണ്.  

 

(ഈ വിവരങ്ങള്‍   വിക്കിപ്പീഡിയായില്‍ നിന്നു കിട്ടിയത്)

Comments

Popular posts from this blog

28.ജന മൈത്രി പോലീസും ഞാനും

44.അന്തസ്സൊടെ മരിക്കാന്‍ ദയാവധം വേണൊ വേണ്ടയൊ?

1. സ്നേഹം നന്മയാണ്