23.പാവം പത്രോസ്

 

(എഴുതിയത്   മാലതി  മോഹന്‍ ദാസ്)

 വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരുദിവസം കറുത്തുമെല്ലിച്ച ഒരാള്‍ ഞങ്ങളുടെ വീട്ടിലേക്ക് കയറി വന്നു. കയ്യില്‍ ഒരു ചെറിയ സഞ്ചി മാത്രം. അച്ഛനുമായി അയാള്‍ കുറച്ചധികസമയം സംസാരിക്കുന്നത് കണ്ടു. പിന്നീടാണ് ഞങ്ങള്ക്കു മനസ്സിലായത് കിടക്കാന്‍ ഒരിടം തേടി വന്ന പുതിയ പോസ്റ്റുമാന്‍ ആണെന്നു. ഞങ്ങളുടെ വീടിന്റെ പിന്നാമ്പുറത്തെ ഉപയോഗശൂന്യമായ ഒരു മുറിയില്‍ അയാള്‍ കയറിക്കൂടി. സൌജന്യമായി തന്നെ.

 കൃത്യം ഒന്‍പതു മണിക്ക് മുമ്പുതന്നെ അയാള്‍ വടക്കേക്കരയിലുള്ള പോസ്റ്റാഫീസിലേക്കു പോകുമായിരുന്നു. എങ്കിലും ഉച്ചയോടുകൂടി അയാള്‍ തിരിച്ചെത്തും. പിന്നീടാണ് അയാളുടെ വീട്ടു ജോലികള്‍ തുടങ്ങുന്നതു. ഭക്ഷണം പാചകം ചെയ്യലും തുണി അലക്കലും മറ്റും. അന്നത്തെ കുട്ടനാട് ഇന്നത്തെ പോലെയല്ല. പല വീടുകളിലും കത്ത് കൊടുക്കുവാന്‍ വള്ളത്തില്‍ തന്നെ പോകണം. അടുത്ത കടകളിലോ അയല്പക്കക്കാരുടെ കയ്യിലോ അയാള്‍ കത്ത് എല്പിച്ചിരുന്നു. മണി ഓര്‍ഡര്‍ മാത്രം ചില്ലറ മാറി അയാള്‍ നേരിട്ടു കൊടുക്കുമായിരുന്നു. അയച്ച തുക അനുസരിച്ച് അയാളുടെ കിട്ടാനുള്ള കമ്മീഷനു വേണ്ട ചില്ലറ മാറി ക്കൊണ്ടുതന്നെ. കത്തുകളില്‍ തന്നെ കൂടുതലും പോസ്റ്റ് കാര്‍ഡുകള്‍ ആയിരുന്നു.

 അയാളെപ്പറ്റിയോ അയാളുടെ കുടുംബത്തെപ്പറ്റി  ആര്‍ക്കും ഒരു അറിവും ഉണ്ടായിരുന്നില്ല. എങ്കിലും നാട്ടിലെ ഓരോ വാര്‍ത്തയും അയാള്‍ക്കറിയാമായിരുന്നു. . വല്ലപ്പോഴും എത്തുന്ന ഒരു അതിഥി ആയിട്ട് കൂടി ഒരു ഗ്ലാസ് കട്ടന്‍ കാപ്പി അച്ഛന്‌ അയാള്‍ കരുതിയിരുന്നു. മിക്ക ദിവസങ്ങളിലും അവര്‍ തമ്മിലുള്ള ആശയ വിനിമയം ഒരു ചെറുചിരിയില്‍ തുടങ്ങി ഉടന്‍ തന്നെ അവസാനിക്കുന്ന ഒന്നായിരുന്നു.

 വര്‍ഷങ്ങള്‍ കടന്നു പോയി. പെട്ടെന്ന് കുറെ ദിവസം അയാളെ തുടര്‍ച്ചയായി കണ്ടില്ല. അയാള്‍ അവിടെ താമസമുണ്ടെന്നു പോലും ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. വീണ്ടും ഒരു ദിവസം ആ മുറിയില്‍ അനക്കങ്ങള്‍ കേട്ട് തുടങ്ങി. അയാള്‍ അവിടെ ഉണ്ട്, ഞങ്ങള്‍ ഊഹിച്ചു. എന്‍റെ അച്ഛന് പതിവിലും കൂടുതല്‍ സമയം അയാളുടെ കൂടെ ചിലവഴിച്ചു. ഞങ്ങള്‍ കാരണം തിരക്കി. അയാള്‍ സ്ഥലം മാറ്റം കിട്ടി പോകുകയാണ്.

 കുറച്ചു സമയം കഴിഞ്ഞു അയാളുടെ മുറിയില്‍ നിന്നും തീയും പുകയും കണ്ടു. ഞങ്ങള്‍ അച്ഛനോട് പറഞ്ഞു പത്രോസിന്റെ  മുറിയില്‍ തീപിടുത്തം. അച്ഛന്‍ ഓടിച്ചെന്നു നോക്കിയപ്പോള്‍ കുഴപ്പമൊന്നുമില്ല,  അയാള്‍ കെട്ടുകണക്കിന് കാര്‍ഡുകള്‍ ഓരോന്നായി തീയിടുകയാണ്.

 അച്ഛന്‍ ഇതേപ്പറ്റി അയാളോട് ചോദിച്ചു. ഇതു താങ്കള്‍  ചെയ്യുന്നത് തെറ്റല്ലേ ? നിങ്ങള്‍ കാപ്പി ഉണ്ടാക്കുന്നതും ഇങ്ങനെ തന്നെയാണോ?

എന്നാല്‍ അയാള്‍ക്ക് തന്‍റെ പ്രവര്‍ത്തിയില്‍ യാതൊരു  കുറ്റബോധവും തോന്നിയില്ല.

അയാള്‍ പറഞ്ഞു." സാര്‍ ഈ കത്തുകള്‍ ഒന്നു നോക്കിയെ . എല്ലാത്തിലും വിഷയം ഒന്നു തന്നെ. ഇവിടെ സുഖം, അവിടെയും അങ്ങനെ തന്നെയല്ലേ? പിന്നെ എനിക്കാണോ സാറേ അസുഖം."

അല്പം നീരസത്തോടെയാണ് അയാള്‍ ചോദിച്ചത്. ഇതിന്റെ ഉത്തരം അച്ഛന്റെ കൈവശവും ഇല്ലായിരുന്നു.

 

From the blog of my wife  Malathy: http://nirmalasseril.blogspot.com/

 

Comments

Popular posts from this blog

28.ജന മൈത്രി പോലീസും ഞാനും

44.അന്തസ്സൊടെ മരിക്കാന്‍ ദയാവധം വേണൊ വേണ്ടയൊ?

1. സ്നേഹം നന്മയാണ്