22.വെള്ള ചാമി എന്ന പോസ്റ്റുമാന്‍

 


1973 ലാണ് മദിരാശി   ടി യില്‍ എം ടെക് പഠിക്കാന്‍ അവസരം കിട്ടിയത്. ആര്‍ ഈസിയില്‍ നിന്ന് ശമ്പളമില്ലാത്ത അവധിയില്‍ എം ടെക്കിനു  പഠിക്കാന്‍. എഞ്ചിനീയറിങ്ങ് അദ്ധ്യാപകരുടെ കുറഞ്ഞ  യോഗ്യത ബിരുദാനന്തരബിരുദം ആക്കിയപ്പോള്‍ ഞങ്ങളുടെ  സ്ഥാപനത്തില്‍  എം ടെക്  സ്വന്തം ചിലവില്‍ പോയി  എടുക്കണം  എന്നായിരുന്നു  ആദ്യ തീരുമാനം. ഞാന്‍ എം ടെക്കിനു പോയി ആറുമാസം കഴിഞ്ഞു എംടെക് പഠിക്കാന്‍ രണ്ടു കൊല്ലം പൂര്‍ണ  ശമ്പളവും  ചെറിയ സ്റ്റൈപ്പന്റും  ഉള്ള അവധി കൊടുക്കാന്‍  തീരുമാനമായി (Quality Improvement Programme). കുടുംബക്കാര്‍, ഭാര്യയും രണ്ടു വളരെ ചെറിയ കുട്ടികളുമായി മദിരാശിയില്‍ താമസിക്കാനുള്ള സാമ്പത്തിക ശേഷിയില്ല.

ചുരുങ്ങിയ സ്കോളര്ഷിപ് (മാസം 250 രൂപ/)കൊണ്ടു ജീവിതം കഴിയണം, വല്ലപ്പോഴും കുഞ്ഞുങ്ങളെ കാണാന്‍ പോകാനുള്ള പൈസ പിശുക്കുകയം വേണം . അന്ന് ഇമെയില്‍ ഇല്ല. ഫോണ്‍ വിളിക്കാന്‍  തന്നെ ട്രങ്ക് കാള്‍ ബുക്ക് ചെയ്തു  മണിക്കൂറുകള്‍  കാത്തിരിക്കണം. ആഴ്ച്ചയിലൊരിക്കല്‍ ഭാര്യ അയക്കുന്ന ഇന്‍ലാന്‍ട് ലെറ്ററില്‍ എഴുതിയ കത്താണ് ഒരേ ഒരു ആശ്വാസം. കുട്ടികള്‍  രണ്ടും ചെറുത്‌, മൂന്നു വയസ്സും ഒരു വയസ്സും പ്രായം. കുഞ്ഞുമോള്‍ അച്ഛന്റെ കത്ത് പോസ്റ്റുമാന്റെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി എല്ലാവരെയും കാണിപ്പിച്ചു ആര്‍ക്കും വായിക്കാന്‍ കൊടുക്കാതെ കൊണ്ടു നടക്കുന്നതും, പത്രത്തില്‍ ഏതോ ഒരു കണ്ണാടി വച്ച ആളിന്റെ ഫോട്ടോ കീറി എടുത്തു "ഇതെന്റെ അച്ഛനാ" എന്ന് പറഞ്ഞു നടക്കുന്നതും പോലുള്ള കൊച്ചുകൊച്ചുവിശേഷങ്ങള്‍ എഴുതിയ കത്തുകള്‍. ഇത്തരം  കത്തുകള്‍ക്ക്  വേണ്ടി  ആകാംക്ഷയോടെ  കാത്തിരിക്കുന്ന ദിവസങ്ങള്‍.

 

ഞങ്ങള്‍  താമസിക്കുന്ന  കൃഷ്ണഹോസ്റ്റലില്‍ കത്ത് കൊണ്ടു വരുന്ന പോസ്റ്റുമാന്‍ വെള്ളച്ചാമി ഉച്ചിക്കുഞങ്ങളുടെ ഭക്ഷണ സമയത്തിനടുത്താണ് വരുക. പലപ്പോഴും വിശപ്പുണ്ടെങ്കിലും അയാള്‍ വന്നു കഴിഞ്ഞു  കത്തുണ്ടെങ്കില്‍  വായിച്ച ശേഷമേ  ഭക്ഷണം കഴിക്കാന്‍ പോകാറുള്ളൂ. കത്തില്ലെങ്കില്‍ ദൂരെ നിന്നു കാണുമ്പോഴേ അദ്ദേഹം പറയും. " എന്ന സാര്‍, ഇന്നെക്കും ഉണ്കള്ക്ക് കത്തില്ല, നാളെയ്ക്‌ കട്ടായം കൊണ്ടു വരേന് " എന്ന്. അയ്യാള്‍ പറയുന്ന രീതി കേട്ടാല്‍ കത്തില്ലാത്തത് അയാളുടെ കുറ്റമാണെന്ന് തോന്നും. പക്ഷെ വീട്ടിലെ  വിവരങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഞങ്ങളെ പോലെയുള്ള ആള്‍ക്കാര്‍ക്ക്അയാളുടെ സ്നേഹപൂര്‍വമായ  ആശ്വാസവചനങ്ങള്‍ കുളുര്‍മ്മ  നല്‍കിയിരുന്നു. കത്തുണ്ടെങ്കില്‍ സന്തോഷപൂര്‍വ്വം കൊണ്ടു വരും, എന്നിട്ട് പറയും  " സാര്‍ ഇന്നേക്ക് നല്ലായിരുക്ക്, ഉങ്കളുക്കു രണ്ടു കത്തിരുക്ക്". നല്ല കറുത്തിരുണ്ടിരുന്ന  വെള്ളചാമിയെ എനിക്ക് മറക്കാനാവില്ല, കാരണം ഇങ്ങനെ ഉള്ള പച്ച മനുഷ്യരുടെ മനസ്സിന്റെ നൈര്‍മ്മല്യവും സ്നേഹ സമ്പന്നമായ പെരുമാറ്റവുമാണ്  ജീവിതം ജീവിക്കാന്‍ കൊള്ളാവുന്നതാക്കുന്നത്. നിറം കറപ്പായാലെന്തു സ്വന്തം പേര്  അന്വര്‍ഥമാക്കുന്ന   മനസ്സ്, വെള്ള ചാമി. വര്‍ഷങ്ങള്‍ക്ക് ശേഷം  മനുഷ്യന് നമസ്ക്കാരം.

 

 

Comments

Popular posts from this blog

28.ജന മൈത്രി പോലീസും ഞാനും

44.അന്തസ്സൊടെ മരിക്കാന്‍ ദയാവധം വേണൊ വേണ്ടയൊ?

1. സ്നേഹം നന്മയാണ്