13.ബക്കറ്റ് ലിസ്റ്റ് - ഒരു സിനിമാ കഥ
ഇങ്ങ്ലീഷ് ഭാഷയില്‍ ഒരു പ്രയോഗം ഉണ്ട്, ഒരാളിന്റെ ബക്കറ്റ് തട്ടിയിടുക (kicking one’s bucket ) എന്ന് പറഞ്ഞാല്‍ അയാള്‍ മരിക്കുക എന്നാണു പ്രയോഗം. ബക്കറ്റ് ലിസ്റ്റ് എന്ന് പറയുന്നത് ഒരാളുടെ മരിക്കുന്നതിനു മുമ്പുള്ള ആഗ്രഹങ്ങളുടെ ലിസ്റ്റ് ആണ്. ഈ സിനിമയിലെയും പ്രധാന പ്രതിപാദ്യവും അത് തന്നെ. 2007 ല്‍ ആണ് ഈ ചിത്രം റിലീസ് ചെയ്തത്.
റോബ് രേയിനര്‍
സംവിധാനം ചെയ്ത ഒരു അമേരിക്കന്‍ ഹാസ്യസിനിമയാണിത്. ജാക്ക് നിക്കോള്‍സനും മോര്‍ഗന്‍
ഫ്രീമാനും പ്രധാന വേഷങ്ങള്‍. മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രങ്ങള്‍ എനിക്ക് വളരെ ഇഷ്ടമുള്ളവയാണ്.
മില്ല്യന്‍ ഡോളര്‍ ബേബി അദ്ദേഹത്തിന്‍റെ മറ്റൊരു നല്ല ചിത്രം ആണ്
ബോക്സ് ഓഫീസില്‍
വളരെ വിജയമായ ഈ ചിത്രത്തില്‍ ഫ്രീമാന്‍ ഒരു ആട്ടോ മെക്കാകാനിക് ആണ് പേരു കാര്‍ട്ടര്‍.
വലിയ ഒരു ആശുപത്രി മുതലാളിയുമായ എഡ്വാര്‍ഡ് എന്ന കോടീശ്വരന്‍ അയാളുടെ സ്വന്തം ആശുപത്രിയില്‍ ഒരു
മുറിയില്‍ പോലും ഒറ്റയ്ക്ക് ഒരു രോഗിയെ കിടത്തരുത് എന്ന് നിര്‍ബന്ധം ഉള്ളയാളാണ്. കാര്‍ട്ടറും
എഡ്വേര്‍ഡും ഒരേ മുറിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു.
കാര്‍ട്ടറുമായി ഒരേ മുറിയില്‍ കിടക്കുന്നതിനു ആദ്യം എഡ്വേര്‍ഡ് വൈമുഖ്യം കാണിച്ചുവെങ്കിലും ക്രമേണ അയാളുമായി
ചങ്ങാത്തത്തില്‍ ആവുന്നു. രണ്ടു പേരും ശ്വാസകോശത്തിലെ ക്യാന്‍സറിനു
ചികിത്സയിലാണ്. ചരിത്രത്തില്‍ അവഗാഹമായ അറിവും ഓര്‍മ്മയുമുള്ള കാര്‍ട്ടര്‍ താന്‍
ചെറുപ്പത്തില്‍ ഒരു
ചരിത്ര അദ്ധ്യാപകന്‍ ആവാനാണ് ആഗ്രഹിച്ചിരുന്നതു എന്ന് പറയുന്നു. കറുത്ത വര്‍ഗക്കാരനും
കുടുംബപ്രാരബ്ധക്കാരനുമായ താന്‍ ഒരു പാവം
മെക്കാനിക്കില്‍ കൂടുതല്‍ ഒന്നുമായില്ല എന്ന് കാര്‍ട്ടര്‍ വിഷമിക്കുന്നു, എന്നാലും
തന്റെ ചരിത്രത്തിലുള്ള അറിവ് പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷം ഉള്ളയാളാണ്. എഡ്വേര്‍ഡ്
നാല് പ്രാവശ്യം വിവാഹം കഴിച്ചുവെങ്കിലും
നാലുപേരോടും ബന്ധം വേര്‍പെടുത്തി ഒറ്റയ്ക്ക് താമസിക്കുന്ന ആളാണ്.
തന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ കളിയാക്കുന്നതില്‍ വളരെയധികം സന്തോഷിക്കുന്നയാള്‍. തോമസ്
എന്നാണു സെക്രട്ടറിയുടെ പേര്‍. എഡ്വേര്‍ഡിനു ഏറ്റവും ഇഷ്ടപ്പെട്ട പാനീയം കോപി
ലുവാക് എന്ന ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പിയാണ്.
എഡ്വാര്‍ഡ് കാര്‍ട്ടറോടോപ്പം
ലിസ്റ്റിലെ ഓരോ കാര്യങ്ങള്‍ ചെയ്യുന്നു, സ്കൈ ഡൈവിംഗ്
ചെയ്യുമ്പോള്‍ കാര്‍ട്ടറിന്റെ പേടി മാറ്റാന്‍ എഡ്വാര്‍ഡ് അയാളെ തള്ളി ഇടുന്നു,
ഷെല്ബി മുസ്ഥാന്ഗ് കാര്‍ കൊച്ചു കുട്ടികളെപ്പോലെ ഓടിച്ചു കൂട്ടി
ഇടിച്ചു രസിക്കുന്നു. താജ് മഹാല്‍ കാണുന്നു, എവെറെസ്റ്റ്
കൊടുമുടിയുടെ താഴെ എത്തുമ്പോള്‍ ദൌര്‍ഭാഗ്യവശാല്‍ കൊടുമുടി മൂടല്‍ മഞ്ഞില്‍ പെട്ട്
കാണാന്‍ കഴിയുന്നില്ല. ചൈനാ വന്മതിലില്‍ രണ്ടു പേരും ഒരുമിച്ചു ബൈക്കില്‍ യാത്ര
ചെയ്യുന്നു., ഹോന്ഗ്കോങ്ങില്‍ വച്ച് എഡ്വാര്‍ഡ് കാര്‍ട്ടറിനു
വേണ്ടി ഒരു കറുത്ത വര്‍ഗക്കാരി വേശ്യയെ വാടകക്കെടുക്കുന്നു. തന്റെ
ഭാര്യയുമായല്ലാതെ മറ്റൊരു സ്ത്രീയുമായും അതുവരെ ബന്ധപ്പെടാത്ത കാര്‍ട്ടര്‍ ഇതിനു തയാറാവുന്നില്ല, അസ്വസ്ഥനായ കാര്‍ട്ടര്‍
തനിക്കു ഉടന്‍ തന്നെ തിരിച്ചു പോകണമെന്ന് ആവശ്യപ്പെടുന്നു, തിരിച്ചു
നാട്ടില്‍ എത്തിയ കാര്‍ട്ടര്‍ നേരെ വണ്ടി എഡ്വാര്‍ഡിന്റെ മകളുടെ വീട്ടിലേക്കു
വിടുന്നു, എന്നാല്‍ അവിടെ എത്തി എന്നറിയുമ്പോള്‍ ക്ഷുഭിതനായ
എഡ്വാര്‍ഡ് മകളെ കാണാന്‍ വിസമ്മതിക്കുന്നു, കാര്‍ട്ടറിനെ ഇവിടെയൊക്കെ കൊണ്ടു
പോയത് തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അല്ല എന്ന് പറഞ്ഞു പിണങ്ങി പിരിയുന്നു.
എഡ്വാര്‍ഡ് തന്റെ ബംഗ്ലാവില്‍ ആഹാരം ഫ്രീസറില്‍ നിന്ന് എടുത്തു തല്ലിപ്പൊട്ടിച്ചു കഴിക്കുമ്പോള്‍
കാര്‍ട്ടര്‍ വീട്ടിലെത്തി മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങിയ
കുടുംബത്തിലെ എല്ലാവരുമായി സന്തോഷമായി
ഡിന്നര്‍ കഴിച്ചു. ഭാര്യയുമായി അല്പം ശ്രുംഗാരത്തിന് കിടപ്പറയിലേക്ക് നീങ്ങുന്നു. ഹോങ്ങ്കൊങ്ങില്‍
വച്ച് മോഹിച്ച ശാരീരികബന്ധത്തിന്
തയാറാവുന്നു. കുറെ നാള്‍ കൂടി ബന്ധപ്പെടാന്‍ തുടങ്ങുന്ന കാര്‍ട്ടറുടെ ഭാര്യ വസ്ത്രം മാറി വരുമ്പോള്‍ കാര്‍ട്ടര്‍
അബോധാവസ്ഥയില്‍ നിലത്തു കിടന്നു പിടയുന്നതാണ്. പെട്ടെന്ന് അയാളെ
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ക്യാന്‍സര്‍ അയാളുടെ തലച്ചോറിനെയും കീഴടക്കി കഴിഞ്ഞു
എന്ന് മനസ്സിലാകുന്നു.
രോഗത്തിന്റെ കാഠിന്യം കുറഞ്ഞു
വരുകയായിരുന്ന എഡ്വാര്‍ഡ് കാര്‍ട്ടറെ സന്ദര്‍ശിക്കുന്നു. കാര്‍ട്ടര്‍ എഡ്വാര്‍ഡിനു ഏറ്റവും ഇഷ്ടമായ കാപ്പി കോപ്പി ലുവാക് സുമാത്രയിലെ
ഒരു കാട്ടുപൂച്ചയുടെ പ്രത്യേക വാസന ഉള്ള മലം ഉണക്കി പൊടിച്ചു ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്
എന്ന് വിശദീകരിക്കുന്നു, രണ്ടു പേരും
പൊട്ടിച്ചിരിക്കുന്നു, അതോടെ തന്റെ ബക്കറ്റ് ലിസ്റ്റിലെ ഇനമായ ‘മരിക്കുന്നത് വരെ ചിരിക്കുക’ എന്ന അവസാനത്തെ ഇനവും പൂര്‍ത്തിയാക്കി
കാര്‍ട്ടര്‍ മരിക്കുന്നു. കാര്‍ട്ടറിന്റെ മരണം കുടുംബത്തെ
അറിയിച്ച ശേഷം എഡ്വേര്‍ഡ് തന്റെ മകളുടെ
അടുത്തേക്ക് പോകുന്നു, പിണക്കം മാറിയ മകള്‍ തന്റെ മകള്‍ക്ക്
അപ്പുപ്പനെ പരിചയപ്പെടുത്തുന്നു, സുന്ദരിയായ കൊച്ചു മകളെ ചുംബിച്ചു കാര്‍ട്ടറുടെ
ബക്കറ്റ് ലിസ്റ്റിലെ “ ഏറ്റവും സുന്ദരിയായ ‘ സ്ത്രീയെ ചുംബിക്കുക എന്ന ഇനവും പൂര്‍ത്തിയാക്കുന്നു.
കാര്‍ട്ടറിന്റെ സംസ്കാര ചടങ്ങില്‍ എഡ്വാര്‍ഡ്
കാര്‍ട്ടറും താനും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ തികച്ചും
അപരിചിതരായിരുന്നുവെന്നും രോഗ ശയ്യയില്‍ കിടന്നുണ്ടാക്കിയ ബക്കറ്റ് ലിസ്റ്റാണ്
തങ്ങളെ ബന്ധിപ്പിച്ചതെന്നും ഓര്‍മ്മിക്കുന്നു. കാര്ട്ടറിന്റെ അവസാനത്തെ മൂന്നു
മാസം അയാളുടെ ജീവിതത്തിലെ ഏറ്റവും നല്ല മൂന്നു മാസമാക്കാന്‍ കഴിഞ്ഞതില്‍ ഉള്ള
സന്തോഷം അയാള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നു, അതോടൊപ്പം കാര്‍ട്ടറുടെ
ലിസ്റ്റിലെ അവസാനത്തെ ഇനമായ ‘ അപരിചിതനായ ഒരു സുഹൃത്തിനു നന്മ ചെയ്യുക’ എന്ന കര്‍മ്മവും പൂര്‍ത്തിയാക്കിയതായി ലിസ്റ്റില്‍
നിന്ന് വെട്ടുന്നു.
സിനിമയുടെ
പരിസമാപ്തിയില്‍ എഡ്വാര്‍ഡ് 81 വയസ്സ് വരെ ജീവിച്ചിരുന്ന തായും
അയാളുടെയും കാര്‍ട്ടറുരുടെയും സംസ്കാരശേഷമുള്ള ചിതാഭസ്മം ഹിമാലയത്തിലെ അറിയപ്പെടാത്ത
ഒരു പര്‍വതശ്രുംഗത്തില്‍ വിതറാന്‍ വിമാനത്തില്‍ കൊണ്ടു
പോകുന്നു. മാത്യുവിന്റെ സഹായത്തോടെ ചിതാഭസ്മം കൊണ്ടു പോയ രണ്ടു പാത്രത്തോടൊപ്പം, എഡ്വേര്‍ഡിന്‍റെ
പ്രിയംകരമായ കാപ്പിയും മറ്റൊരു
പാത്രത്തില്‍ കൊണ്ടു പോകുന്നതായി കാണിക്കുന്നു. കാരണം, പര്‍വത
ശ്രുംഗങ്ങളില്‍ ഭസ്മം വിതറുന്നത് നിയമ വിരുദ്ധമാണെങ്കിലും അത്
എഡ്വാര്‍ഡിനു ഇഷ്ടമാകുമെന്നുള്ളത് കൊണ്ടു.



Comments
Post a Comment