(സ്വന്തം അനുഭവകഥ)
ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ മുഖം
എങ്ങനെ ഇരിക്കും? എനിക്കും ചേട്ടനും കാര്യമായ സംശയം. ഞങ്ങളുടെ
സമപ്രായക്കാരോടും അല്പം മുതിര്‍ന്നവരോടും ചോദിച്ചു. ആര്‍ക്കും വ്യക്തമായ ഉത്തരം
പറയാന്‍ കഴിഞ്ഞില്ല. ചിലര്‍ പറഞ്ഞു കണ്ണുന്തി പല്ലു പുറത്തുചാടി ദംഷ്ട്രയൊക്കെ കാണും
എന്ന്. ചെറുപ്പത്തിന്റെ തിളപ്പും
ചേട്ടന്റെ അന്ധവിശ്വാസങ്ങളോടുള്ള 'ധീരമായ' പോരാട്ടവും കാരണം ഞങ്ങള്‍ ഈ കേട്ടറിവുകള്‍
വിശ്വസിക്കാന്‍ തയ്യാറായില്ല. “കേട്ടാലറിയാത്തവന്‍ കൊണ്ടാലറിയും” എന്നുള്ളതുകൊണ്ടു
കണ്ടു തന്നെ മനസ്സിലാക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഏതായാലും അധികം വൈകാതെ
തന്നെ ഒരവസരം ഉണ്ടായി. ഞങ്ങളുടെ അല്പം അകന്ന ബന്ധുവായ ഒരു അമ്മൂമ്മ മരിച്ചു.
വൈകുന്നേരമാണ് മരിച്ചത്. രാവിലെ മാത്രമേ സംസ്കരിക്കൂ. ഇന്നത്തെപ്പോലെ മൊബൈല്‍ മോര്ച്ചറിയും മറ്റും ഇല്ലാത്ത കാലം. ഞങ്ങളുടെ വീടുകളില്‍ ആരെങ്കിലും മരിച്ചാല്‍ ശവം
നിലത്തു കിടത്തി വെള്ളവസ്ത്രം കൊണ്ടു മൂടി ചുറ്റും ഭസ്മം വിതറി നിലവിളക്ക്
കൊളുത്തി ഭാഗവതം വായിക്കും. ഞങ്ങള്‍ കുട്ടികള്‍ ശവത്തിനു ചുറ്റും ഇരുന്നു “നാരായണ നാരായണ” ജപിക്കണം. ചേട്ടനും ഞാനും അങ്ങനെ അവിടെ ഒരുമിച്ചായി.
കിട്ടിയ സമയം പാഴാക്കരുത് എന്ന് തീരുമാനിച്ചു. മറ്റുള്ളവര്‍ ഉറക്കം വരുന്നു എന്നുപറഞ്ഞു
രക്ഷപെട്ടപ്പോഴും ഞങ്ങള്‍ പിടിച്ചു നിന്നു. സമയം രാത്രി പതിനൊന്നര മണി ആയിക്കാണും.
ഞാനും ചേട്ടനും മാത്രമെ ഉള്ളൂ. ഭാഗവതം വായനയും മെല്ലെ ആയി. ഞങ്ങള്‍ രണ്ടും
കല്പിച്ചു അമ്മൂമ്മയുടെ മുഖം എങ്ങനെ എന്ന് നോക്കാന്‍ തീരുമാനിച്ചു. ആരാണ്
മുഖത്തില്‍ നിന്നു തുണി മാറ്റുന്നത് തര്‍ക്കം ആയി. അവസാനം ഇളയവനായ ഞാന്‍ തന്നെ
ചെയ്യേണ്ടി വന്നു. ഞാന്‍ ഒരു നിമിഷം തുണി ഉയര്‍ത്തും, ചേട്ടന്‍ നോക്കും. ഞാന്‍ ധൈര്യപൂര്‍വ്വം
മുഖത്തെ തുണി മാറ്റി. കണ്ണടച്ചുകൊണ്ടു തന്നെ. ചേട്ടന്‍ “അയ്യോ എന്റമ്മേ!” എന്ന് നിലവിളിച്ചു കൊണ്ടു നിലം പതിച്ചു.
കാരണം അറിയാമല്ലോ. അമ്മൂമ്മയുടെ പല്ലു മൂന്നാലെണ്ണം ജീവിച്ചിരിക്കുമ്പോള്‍ തന്നെ
പൊങ്ങിയതായിരുന്നു. രാത്രിയുടെ ഭീകരതയും പകുതി ഉറക്കത്തിന്റെ അബോധാവസ്ഥയും
മനസ്സിലെ ഭയവും എല്ലാം കൂടി ആയപ്പോള്‍ ചേട്ടന്‍ കണ്ടത് ആരോ ചിത്രീകരിച്ച
പ്രേതത്തിന്റെ ഭീകരരൂപം തന്നെയായിരുന്നു. മറ്റുള്ളവര്‍ ഓടിക്കൂടിയപ്പോള്‍ അമ്മ
പറയുന്നതു കെട്ട് “ഉറക്കം തൂങ്ങി പേടിച്ചു നിലവിളിച്ചതായിരിക്കും, മക്കളെ നിങ്ങള്‍ പോയി കിടന്നോ.” എന്ന്. പിന്നൊരിക്കലും ഞങ്ങളിത്തരം
കൂട്ടുപരിപാടിക്കു പോയിട്ടില്ല.


Comments
Post a Comment