7.ഒരു പുഞ്ചിരിയുടെ വില
നമ്മളില്‍ പലരും എന്നും കാണുന്ന ചിലരെ രാവിലെ ആദ്യം കാണുമ്പോള്‍ പലപ്പോഴും തിരക്കിനിടയില്‍ ഒന്നും പറയാതെ നടന്നു പോകാറുണ്ട്. എന്നാല്‍ രാവിലെ പരിചയമുള്ളവരെ ആദ്യം കാണുമ്പോള്‍ ഒരു “നമസ്തേ!” പറയുകയോ, സായിപ്പിന്‍റെ ഭാഷയില്‍ “ഹായ്” പറയുകയൊ ഇതൊന്നും അല്ലെങ്കില്‍ ഒന്നു പുഞ്ചിരിക്കുക എങ്കിലും ചെയ്യുന്നത് ഒരു ശീലമാക്കുന്നത് നല്ലതല്ലേ ? ചിന്തിക്കുക . ഇനി കഥ പറയാം .
ഒരു ചെറിയ
ഫാക്ടറിയില്‍ ഏതാണ്ട് നാല്‍പ്പതോളം
ജോലിക്കാര്‍ ഉണ്ടായിരുന്നു, അതില്‍ കൂടുതലും ചെറുപ്പക്കാരായ സ്ത്രീകള്‍ .എല്ലാവരും രാവിലെ
എട്ടു മണിക്ക് വീട്ടിലെ ജോലി എല്ലാം തീര്‍ത്ത് കുട്ടികള്‍ക്കും ഭര്‍ത്താവിനും വേണ്ട ആഹാരവും
മറ്റും തയാറാക്കി വെച്ച് വലിയ
തിരക്കില്‍ ആണല്ലോ അവിടെ
എത്തുന്നത്. അവിടെ എന്നും
പകല്‍ സമയത്ത് പുറത്തെ
ഗൈയിറ്റില്‍ അവരുടെയൊക്കെ അച്ഛന്‍റെ
പ്രായം ഉള്ള ഒരു സെക്യുറിറ്റി ജീവനക്കാരന്‍
അവര്‍ക്ക് ഗെയിറ്റു തുറന്നു
കൊടുക്കുമായിരുന്നു. എല്ലാവരും
തിരക്കില്‍ അവരവരുടെ ജോലിക്കു ചേരാന്‍
തിടുക്കത്തില്‍ നടന്നു നീങ്ങിയിരുന്നു.
കൂട്ടത്തില്‍
ഫാക്ടറിയിലെ ഫ്രീസറിന്‍റെ
ഉത്തരവാദിത്വം ഉള്ള ജോലിക്കാരി ഉണ്ടായിരുന്നു. നമുക്കവളെ
മേരി എന്നു വിളിക്കാം. എല്ലാ ദിവസവും
അവള്‍ അഞ്ചു മണിക്ക് ജോലി
നിര്‍ത്തി പോകുന്നതിനു മുമ്പ്,
ഫ്രീസറിന്‍റെ പുറത്തെ വാതില്‍ തുറന്നു അകത്തു പോയി
ഏതെങ്കിലും സാധനം സ്റ്റോക്കു തീരാറായൊ
എന്നു നോക്കി അതു കൂടുതല്‍
വാങ്ങാന്‍ നിര്‍ദ്ദേശം കൊടുക്കുമായിരുന്നു. അന്നു നമ്മുടെ
മേരി വേറെ എന്തൊ ജോലിത്തിരക്കില്‍ അല്‍പ്പം
വൈകിയാണു ഫ്രീസറിലേക്കു എത്തിയത്.
അവള്‍ ഫ്രീസറിന്‍റെ വാതില്‍ തുറന്നു, വൈകിയതു കൊണ്ട് ,
എല്ലാം ഒന്നു രണ്ട് മിനുട്ടില്‍
നോക്കി പെട്ടെന്ന് വരാം എന്നു
കരുതി താക്കോല്‍ അതിന്‍റെ ദ്വാരത്തില്‍
തന്നെ വെച്ച് അകത്തു കയറി
എല്ലാം നോക്കി തിരിച്ചു വന്നു. അപ്പോള്‍ അവള്‍ കണ്ടത്
ഫ്രീസറിന്‍റെ വാതില്‍ തനിയെ അടഞ്ഞുപോയി എന്നാണ്. തിരക്കിനിടയില്‍ അവള്‍ തന്‍റെ
സെല്‍ ഫോണും ആഫീസ് മുറിയില്‍
വെച്ചിട്ടാണ് അങ്ങോട്ടു വന്നത്. ഉച്ചത്തില്‍
ആരെയൊക്കെയോ അവള്‍ വിളിച്ച്
നോക്കി. പക്ഷേ മിക്കവരും
പോയിക്കഴിഞ്ഞതു കൊണ്ടോ അവളുടെ
ശബ്ദം ഫ്രീസറിന്‍റെ കനത്ത
ഭിത്തികള്‍ക്ക് പുറത്തേക്ക് കേള്‍ക്കാത്തതു കൊണ്ടോ ആരും കേട്ടില്ല. അവള്‍
തന്‍റെ വിധിയെ ശപിച്ച്
അവിടെ ഇരുന്നു. തണുപ്പു മെല്ലെ
മെല്ലെ അരിച്ചു കയറി , ഏതാണ്ട് അരമണിക്കൂര്‍
കഴിഞ്ഞപ്പൊള്‍ തന്നെ അവളുടെ കയ്യും കാലും തണുത്തുമരവിച്ചു തുടങ്ങിയിരുന്നു.
എന്നാല്‍
ഏതാണ്ട് 615 ആയപ്പോള്‍
ആരോ പെട്ടെന്നു ഫ്രീസറിന്‍റെ
വാതില്‍ തുറന്നു നോക്കുന്നതു മേരി കണ്ടു.
അവള്‍ നോക്കി, ഇതാരു ദൈവദൂതനോ അല്ല, അത് അവരുടെ
സെക്യുറീറ്റി
ജീവനക്കാരനായിരുന്നു. അവള്‍ ഒരു വിധം
മരവിച്ച കാലുകള്‍ വലിച്ചു
പുറത്തേക്കു വന്നു. ഏതാനും
മിനുട്ടുകള്‍ കൊണ്ട് അവളുടെ
ചലനശേഷി വീണ്ടെടുത്തു. ആഫീസില്‍
വന്നു അവളുടെ സാധനങ്ങളും
മറ്റും എടുത്തു പുറത്തിറങ്ങി പോകാന്‍
ഗെയിറ്റില്‍ എത്തിയപ്പൊള്‍ നമ്മുടെ
സെക്യുറിറ്റിക്കാരനൊട് ചോദിച്ചു.”ചേട്ടാ, ആരാണ് താങ്കളെ ആ ഫ്രീസറിന്‍റെ അടുത്തേക്കു
അയച്ചത്? അങ്ങ്
ഒരു ദൈവദൂതനെപ്പോലെ എന്നെ രക്ഷിച്ചതെങ്ങനെ ?”
അയാള്‍ പറഞ്ഞു: മകളെ , എന്നെ ഒരു ദൈവവും
അയച്ചതല്ല, നിന്നെ
രക്ഷിച്ചത് നിന്‍റെ സാമാന്യ
മര്യാദ മാത്രമാണ്. ഇവിടെ നാല്‍പതോളം
ജോലിക്കാര്‍ ഉണ്ടല്ലൊ. അതില്‍ എന്നും രാവിലെ
ജോലിക്കു കയറുന്നതിനു മുമ്പ്
എന്നെ ഗെയിറ്റില്‍ കാണുമ്പോള്‍
ഒന്നു ചിരിക്കുകയോ വൈകുന്നേരം പോകുമ്പോള്‍ “ചേട്ടാ നാളെ കാണാം “ എന്നു പറയുകയോ ചെയ്യുന്നതു മോളെ
നീ മാത്രം ആണു. ഇന്നു എല്ലാവരും
പോയി കഴിഞ്ഞിട്ടും നിന്നെ കാണാഞ്ഞപ്പൊള്‍ എനിക്കു
സംശയം തോന്നി, ഞാന്‍ നിന്നെ
അന്വേഷിച്ച് എല്ലാ മുറിയിലും
പോയി നോക്കി. കണ്ടില്ല , അവസാനം ആണു
ഫ്രീസറിന്‍റെ അടുത്തു കൂടെ
ഞാന്‍ പുറത്തേക്കു പോന്നതു, അപ്പൊള്‍ ആണ്
ഫ്രീസറിന്‍റെ താക്കോല്‍ വാതില്‍ക്കല്‍ തന്നെ
ഇരിക്കുന്നതു കണ്ടത്. വെറുതെ ഒരു
സംശയം തീര്‍ക്കാന്‍ മാത്രമാണ് ഞാന്‍ അതു
തുറന്നു നോക്കിയത്. അല്ലാതെ
ഒരു ദൈവവും ദൈവദൂതനുമല്ല , നിന്‍റെ മര്യാദയാണു നിന്നെ
രക്ഷിച്ചത് .അതുകൊണ്ട്
സുഹ്രുത്തുക്കളെ ഒരിക്കലും പരിചയം
ഉള്ള ഒരാളെ ആദ്യം കാണുമ്പോള്‍ അവരെ
അവഗണിക്കരുത്. ഒരു ഹായ്
അല്ലെങ്കില്‍ ഒരു നമസ്തെ , അല്ലെങ്കില്‍
ഒരു പുഞ്ചിരി എങ്കിലും അവര്‍ക്കു
നല്‍കുക. ഒരു പക്ഷെ ദൈവത്തിന്‍റെ
അദ്റുശ്യമായ കരങ്ങള്‍ അവരുടെതാവാം , അതു നിങ്ങള്‍ക്ക് ചിലപ്പോള്‍
തുണയാവാം. ഓര്‍മ്മിക്കുക. നന്ദി നമസ്കാരം
Comments
Post a Comment