6.ഞങ്ങളുടെ നാട്ടിലെ മദ്യപാനികള്‍

  ഞങ്ങളുടെ നാട്ടിലെ പഴയ കാലത്തെ മദ്യപാനികള്‍ മൂന്നു തരമായിരുന്നു, വളരെ മാന്യന്മാരായ തറവാടി കുടിയന്മാര്‍. അവര്‍ മദ്യം അതീവ രഹസ്യമായി തറവാട്ടില്‍ വെച്ചേ കുടിക്കൂ. ആരെയെങ്കിലും വിട്ടു കള്ളുഷാപ്പില്‍ നിന്ന് വീട്ടില്‍ വരുത്തി, സ്വന്തം ഭാര്യയുണ്ടാക്കിയ മത്സ്യ കറിയോ കോഴിക്കറിയോ കൂട്ടി മദ്യപിക്കുന്നവര്‍. ഞങ്ങളുടെ അടുത്ത ഒരു ബന്ധു ഇത്തരക്കാരനായിരുന്നു. അദ്ദേഹം ആദ്യം ആദ്യം ജോലിക്കാരെ കൊണ്ടാണ് മദ്യം വാങ്ങിപ്പിച്ചിരുന്നത്, പിന്നെ പിന്നെ സ്വന്തം മക്കളെ തന്നെ മദ്യം വാങ്ങാന്‍ അയച്ചു തുടങ്ങി. ചെറുപ്പത്തില്‍ മകനെ ഉറക്കാന്‍ അമ്മുമ്മ ഉണക്ക മുന്തിരി രാത്രി വെള്ളത്തില്‍ ഇട്ടു പിഴിഞ്ഞ് കൊടുത്തു പിന്നീട് അല്പം ലഹരി കിട്ടാതെ ഉറങ്ങാന്‍ കഴിയുകയില്ല എന്ന സ്ഥിതി വന്നു എന്നാണു കഥ. ഏതായാലും അദ്ദേഹത്തിന്റെ ഭാര്യ ഒന്നാം തരം പാചക വിദഗ്ദ്ധ ആയിരുന്നു, പ്രത്യേകിച്ചും മത്സ്യ മാംസം കറി വെക്കാന്‍. ഭര്‍ത്താവിനു വൈകുന്നേരം ഷാപ്പില്‍ നിന്ന് വരുത്തിയ കള്ള് ഭാര്യ ഉണ്ടാക്കിയ കറി കൂട്ടി കഴിക്കുമായിരുന്നു. ശ്രീമതിയും ഇടക്ക് കൂടുമായിരുന്നു എന്ന് കിംവദന്തി. ഏതായാലും ചില ദിവസങ്ങളില്‍ ഞങ്ങളോട് അത്യസാധാരണമായ സ്നേഹം അവര്‍ കാണിക്കുന്നത് അല്പം വീശി കഴിഞ്ഞാണ് എന്ന് ഞങ്ങള്‍ക്കും തോന്നാതിരുന്നിട്ടില്ല.

 

രണ്ടാമത്തെ തരം, ഷാപ്പിലേക്ക് പോകുമ്പോള്‍ തലയില്‍ രണ്ടാം മുണ്ട് (തോര്ത്ത് ‌) ഇട്ടിട്ടു പോകുന്നവര്‍, തിരിച്ചു വരുമ്പോള്‍ ചിലപ്പോള്‍ ഉടുത്ത മുണ്ട് തന്നെ പറിച്ചു തലയില്‍ കെട്ടാന്‍ ധൈര്യം മദ്യത്തില്‍ നിന്ന് നേടിയവര്‍. ഇവര്‍ മദ്യം കഴിക്കുന്നു എന്ന് പറയുന്നതില്‍ ഭേദം മദ്യം ഇവരെ കഴിച്ചു എന്ന് പറയുന്നതായിരിക്കും. ഇത്തരം ആള്‍ക്കാര്‍  ഇന്നും ഉണ്ടെന്നത് സത്യം.. എന്റെ മറ്റൊരു ബന്ധു ഇത്തരക്കാരനായിരുന്നു. സ്വന്തംജീവിതം മദ്യത്തിലും ചീട്ടുകളിയിലും അവസാനിപ്പിച്ചയാള്‍ . അതും കള്ളുചേര്‍ത്ത  അപ്പംപോലും കഴിക്കാത്ത എന്റെ  അച്ഛന്‍റെ അടുത്ത ബന്ധു.

 

മൂന്നാമത്തെ തരം സാധാരണ കുടിയന്മാര്‍. മര്യാദക്കാര്‍. കയ്യിലുള്ള കാശിനു കുടിച്ചു മര്യാദക്ക് വീട്ടില്‍ പോകുന്നവര്‍. ഇവരില്‍ ചിലര്‍ അല്പം കുടിച്ചിട്ട് മു്ന്കാല വൈരാഗ്യം ഉള്ള ആരെയെങ്കിലും അല്പം തെറി പറയാന്‍ വേണ്ടി മാത്രം കുടിക്കുന്നവരും ഉണ്ട്. ഏതായാലും ചിലര്‍ പറയുന്നത് കള്ള് കുടിച്ചാല്‍ ലഹരിയേക്കാള്‍ വയറു ചാടാനെ പ്രയോജനം ഉള്ളു എന്നാണു. സായിപ്പിന്റെ ബിയര്‍ പോലെ കുറെ കുപ്പി അകത്തായാലെ കിക്ക് കിട്ടുകയുള്ളത്രേ!! .

 

അന്നൊക്കെ പൊതുവേ തെങ്ങു ചെത്തിയെടുത്ത കള്ളുമാത്രമെ ഷാപ്പില്‍ കിട്ടുകയുള്ളൂ. ചാരായവും വിദേശമദ്യവും വളരെ കുറവ്. ഇന്നത്തെ ബെവ്ക്കൊ കടകള്‍ മുക്കിനുമുക്കിനു ഇല്ലായിരുന്നു. ഇന്ന് ബാറില്ലെങ്കിലും സുലഭമായി മദ്യം ബെവ്ക്കോ വഴി കിട്ടുന്നത് കൊണ്ടു കുടിയന്മാര്‍ ധാരാളം. ബാറിലെക്കാള്‍ കുറഞ്ഞ ചിലവില്‍ കുടിക്കുകയും ആവാം. വീട്ടില്‍ ഇരുന്നായാല്‍ ടച്ചിങ്ങ്സ്’ ഫ്രീ. ഇത് കണ്ടു വളരുന്ന കുട്ടികള്‍ക്കും വല്ലപ്പോഴും ഒരു കുപ്പി ബിയര്‍ കഴിക്കുന്നത്‌ വലിയ കുറ്റമൊന്നും അല്ല എന്നുള്ള തിരിച്ചറിവും ‘ ഉണ്ടായിക്കിട്ടും.

 

ആറീസീ  പ്രാന്തപ്രദേശത്തെ നാടന്‍  വാറ്റു  കുടിയന്മാര്‍

 

ഞാന്‍   മദിരാശിയില്‍  എംടെക്   പഠനം  കഴിഞ്ഞു   മടങ്ങി  വന്നപ്പോള്‍   ക്വാര്‍ട്ടേര്‍സ്   കിട്ടാഞ്ഞതും കൊണ്ട് ഏതാനും മാസം   ക്യാമ്പസ്സിനു  പുറത്ത്   താമസിക്കേണ്ടി വന്നു .

ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ മുമ്പില്‍ ഒരു പഞ്ചായത്ത് നിരത്തായിരുന്നു. ഒരു വശം കയ്യാല(മണ്ണ് കൊണ്ടുള്ള മതില്‍) കൊണ്ടു മറച്ചിരുന്നു. വീടുകള്‍ മറുഭാഗത്ത്‌ മാത്രം. ഇടവിട്ടിടവിട്ട്. കുന്നും മലയുമായ സ്ഥലം , നിരപ്പായതല്ല. ഈ കയ്യാലയ്ക്ക് ഇടയിക്കിടയ്ക്ക് ചില വിടവുകള്‍ കാണാം. ചില സമയത്ത് ചിലര്‍ ഈ വിടവില്‍ കൂടി തല അകത്തോട്ടു നീട്ടി എന്തോ സാധനം വാങ്ങി വാങ്ങിക്കുടിച്ചിട്ടു ചിറി തുടച്ചു നീങ്ങു ന്നത്‌ കാണാം. ശ്രീമതിക്ക് സംശയമായി, ഇതെന്താണ്? ഞാന്‍ അന്വേഷിച്ചു. രഹസ്യമായി ആരോ പറഞ്ഞത് അത് ആരോ കള്ളവാറ്റു ചാരായം ഒളിച്ചു കൊണ്ടുവന്നു വച്ച് കച്ചവടം ചെയ്യുന്നതാണത്രേ. കുറെ ദൂരെയുള്ള പുഴയുടെ കരയില്‍ എവിടെയോ വച്ച് വാറ്റി കുപ്പിയിലാക്കി രാത്രിയില്‍ കയ്യാലയുടെ പുറകില്‍ മണ്ണില്‍ കുഴിച്ചിടും. ആവശ്യക്കാര്‍ക്കു വില്‍പ്പന സമയം അറിയാം. ആള്‍ക്കാര്‍  വരുന്നതനുസരിച്ച്‌ കുപ്പി മണ്ണില്‍ നിന്നെടുത്ത് ഗ്ലാസില്‍ ആക്കി മതിലിന്റെ വിടവില്‍ കൂടി വില്കൂന്നു. രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയ്ക്കാണ് കച്ചവടം. അതുകഴിഞ്ഞാല്‍ ആരെയും കാണുകയില്ല. യുദ്ധകാലം ആയിരുന്നു. ക്ഷാമം പൊതുവെ സാധാരണക്കാരെ  ബാധിച്ച  സമയം. അരിവാങ്ങാന്‍ പണം ഇല്ലെങ്കിലും അട്ടയും ബാറ്ററിയും ഒക്കെയിട്ട് വാറ്റുന്ന ഈ സാധനം വാങ്ങാന്‍ പണം എങ്ങനെ ഉണ്ടാകുന്നു എന്നതു അത്ഭുതം തന്നെ. അവധി ദിവസങ്ങളില്‍ കച്ചവടം കുറവായതില്‍ നിന്നും ഉപഭോക്താക്കളില്‍ ആര്‍.ഈ.സി ജീവനക്കാര്‍ ധാരാളം ഉണ്ടെന്നു വ്യക്തമായി.

ഇന്ന് കള്ള് കുടിയമാരും  കള്ളവാറ്റ് കുടിക്കുന്നവരും  കുറഞ്ഞു, വിദേശമദ്യത്തിന്‍റെ  ലഭ്യതയും കുടിക്കുന്നവരും  കൂടി. കാരണം ലഭ്യതയും കിക്കിന്റെ’ ഗുണവും. കള്ള വാറ്റുകാര്‍ (ചാരായം, പട്ട എന്ന പേരില്‍ അറിയപ്പെടുന്ന, അട്ട, ബാറ്ററി, പഴുതാര എന്നിവയിട്ട് വാറ്റിയത്‌ ) ഇന്ന്  വളരെ  കുറഞ്ഞു. പക്ഷേ ഇന്ന്  നാട്ടിലെ 30 വയസ്സില്‍ താഴെയുള്ള എത്രയെത്ര ചെറുപ്പക്കാര്‍ ഈ മദ്യത്തില്‍ ജീവിതം ഹോമിക്കുന്നു.

 

Comments

Popular posts from this blog

28.ജന മൈത്രി പോലീസും ഞാനും

44.അന്തസ്സൊടെ മരിക്കാന്‍ ദയാവധം വേണൊ വേണ്ടയൊ?

1. സ്നേഹം നന്മയാണ്